യുക്തി തീവ്രവാദം
1 വിശുദ്ധ റമദാൻ മാസത്തിൽ
തട്ടമിട്ട ഒരു കറുത്ത സ്ത്രീ
ഷോപ്പിംഗ് മാളിന് മുന്നിൽ വച്ച്
എന്റെ വാഹനത്തിന്റെ മുൻപിൽ
കൈ നീട്ടിയപ്പോൾ
എനിക്ക് തോന്നിയില്ല ;അവർ
എന്റെ കൂട്ടത്തിൽ പെട്ടതാണെന്ന് .
അറിഞ്ഞുകൂടാത്ത സഹജീവികളുടെ
കവചമില്ലാത്ത പച്ച നെയ്യിലേക്ക്
തുരു തുരാ വെടി ഉതിർന്നപ്പോൾ, പലരും
എന്റെ ദൈവത്തെയാണ് വിളിച്ചതെങ്കിലും
എനിക്കുതോന്നിയില്ല , ഒലിച്ചു പോയത്
എന്റെ വർണമാണെന്ന്
എന്നാലിന്നു രാവിലെ സർക്കാർ
കൊലയാളിയാം ഒരുത്തനെ
അടിയന്തിരമായി തൂക്കിലിട്ടെന്നു കേട്ടപ്പോൾ,
അവന്റെ പേര് കേട്ടപ്പോൾ
എനിക്കുതോന്നി !
2 മനോദൗർബല്യം കൊണ്ടു മൂകരായി
പ്രാർത്ഥനാ വിപണിയിൽ
ജീവന്റെ സഞ്ചി ദ്വാരം വീണു
അഭാവത്തിലേക്കു സ്തുതിയായവരെ
ഞാൻ ഓർമിക്കാറേയില്ല .
പിന്തുടരാൻ പറഞ്ഞു മാംസവും
പൊറുക്കുവാൻ പറഞ്ഞു രക്തവും വരെ
നല്കിയവന്റെ പേരിൽ
മണ്ണു വാങ്ങി കല്ലുകെട്ടുന്നതു
എനിക്കൊരു വിഷയമേ അല്ല
എന്നാലിന്നു ഉച്ചയ്ക്ക് മേടയിൽ
സ്ത്രീ വിഷയത്തിനു മേലെ
അറസ്റ്റുകൾ ഉണ്ടായപ്പോൾ
പ്രതികള്ക്ക് വേണ്ടി ഹാജർ
ഞാൻ തന്നെയാണ് !
3 പൈസ കൊടുക്കാതെ പഠിച്ചത്
പള്ളിപ്പെരുന്നാളിനു വിഴുങ്ങിയത്
കുരിശും തപ്പി വിറച്ചത്
പ്രളയത്തിൽ ചെന്നു കരഞ്ഞത്
കുറി തൊട്ടുകൊണ്ടാണ്
കടല് കടന്നു ചെന്ന്
മണലുരുക്കി പൊന്ന്
ഉണ്ടാക്കിയെടുത്തത്
അറബിക്കുപ്പായത്തിന്റെ
പരുന്ത് ചിറകിൻ കീഴിൽ
കരുവാളിക്കാതെ കുളുർന്നിട്ടാണ് .
എന്നാലിന്ന് സന്ധ്യയ്ക്ക് നേതാവിനൊപ്പം
നാമം ജപിക്കുമ്പോൾ കയ്യിൽ
ശൂലവും വാളും ചിരിച്ചത്
"എന്റെ രാജ്യം എന്റെ പൈക്കൾ
എന്റെ ദാനം നിന്റെ ജീവൻ" !